ശുചിമുറിയിലെ രക്തക്കറ നിർണായകമായി, വിവാദ വെളിപ്പെടുത്തലുകൾ; തളരാതെ പോരാടി കുട്ടിയുടെ മാതാവ്

തലശ്ശേരി ∙ വിവാദമായ പാലത്തായി പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത്‌ മുറിവുണ്ടായതിന്റെയും രക്തസ്രാവത്തെ തുടർന്ന്‌ ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് തലശേരി ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്.

കേസടുത്ത് അഞ്ചു വർഷത്തിനു ശേഷമാണ് വിധി വന്നത്. സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. കെ.കെ. ശൈലജ, പി. ജയരാജൻ എന്നിവർക്കെതിരെയായിരുന്നു ആരോപണം. കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് അന്വേഷണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു. പ്രതി കുറ്റക്കാരനല്ലെന്ന തരത്തിലായിരുന്നു വെളിപ്പെടുത്തൽ. പോക്സോ ഒഴിവാക്കി, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകിയതും വിവാദമായി. ഇതി‌നിടെ പ്രതിക്ക് ജാമ്യവും ലഭിച്ചു.

കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പോസിക്യൂഷനും കുട്ടിയുടെ മാതാവും വിടാതെ കേസിനു പിന്നാലെ നിന്നു. കോവിഡ് കാലത്ത് അന്വേഷണം മുന്നോട്ട് പോവുന്നില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റപത്രം തള്ളണമെന്നും വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്തും ഹർജി നൽകുകയും കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി എഎസ്പി രീഷ്മ രമേശൻ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി പുതിയ സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് 2020 ഒക്ടോബർ 20ന് ഹൈക്കോടതി പൊലീസ് മേധാവിക്കു നിർദേശം നൽകി.

തുടർന്ന് എഡിജിപി ജയരാജന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ടി.കെ. രത്നകുമാർ ഉൾപ്പെടെ ഏഴംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. ‌പ്രതിസ്ഥാനത്തുള്ള അധ്യാപകനെതിരെ ശാസ്ത്രീയ തെളിവു ലഭിച്ചതായി 2023 മേയിൽ കണ്ടെത്തിയ സംഘം തലശ്ശേരി പോക്സോ കോടതിയിൽ നൽകിയ കുറ്റപ്രതത്തിലാണ് ഇപ്പോൾ വിധി വന്നത്. അതേ സമയം, കേസന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദമുണ്ടായതായി പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ പറഞ്ഞു. ഒടുവിൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിലേക്കുള്ള സിപിഎം സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment