സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഭർത്താവിനെ കൊന്നതും അതേ സംഘം

ബെംഗളൂരു ∙ കര്‍ണാടകയില്‍ പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമികൾ വെട്ടിരപ്പരുക്കേൽപിച്ച സർക്കാർ ഉദ്യോഗസ്ഥ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. കർണാടക സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്‍ഡ് ഡിവിഷനല്‍ ഓഫിസറും യാദ്ഗിര്‍ സ്വദേശിനിയുമായ അഞ്ജലി ഗിരീഷ് കമ്പോത്ത് ആണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. കൊലയാളി സംഘത്തിലെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്.

മൂന്നുദിവസം മുന്‍പ് ഓഫിസിലേക്കു പോകുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം അഞ്ജലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടേറ്റ അഞ്ജലി ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. അഞ്ജലിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെ മൂന്നുവര്‍ഷം മുന്‍പ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതേ സംഘമാണ് അഞ്ജലിയെയും ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

Comments (0)
Add Comment