മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ

തിരുവനന്തപുരം∙ പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്.

രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികള്‍ തിരിച്ചു നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള ഒരു മതപഠനകേന്ദ്രത്തിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എന്‍ഐഎയും വിവരശേഖരണം നടത്തുന്നുണ്ട്. യുവതിയുടെ ആദ്യഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് പതിനാറുകാരന്‍ എന്നാണു വിവരം.

Comments (0)
Add Comment