പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്.

കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിജിലന്‍സ് ജഡ്ജിയുടെ വസതിയില്‍ എത്തിച്ചാണ് റിമാന്‍ഡ് ചെയ്യിപ്പിച്ചത്. പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോവുകയാണ്.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. നിലവില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് പത്മകുമാറാണ്.ശബരിമല സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ പത്മകുമാര്‍ ആണെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐടി ടീം വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കൊള്ളക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ പെരുമാറിയത് എ. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Comments (0)
Add Comment