പാലക്കാട്∙ യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയത്. കേസെടുത്ത് നാലാം ദിവസവും രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല.
രാഹുൽ ചുവന്ന കാറിൽ പാലക്കാടുനിന്ന് പോയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്. നമ്പർ പരിശോധിച്ചപ്പോൾ, കാർ ഒരു സിനിമാ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ, താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.
മേയിൽ അവിടെയെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിപ്രകാരമുള്ള പരിശോധന 5 മണിക്കൂറോളം നീണ്ടു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പാലക്കാട് എഎസ്പി രാജേഷ്‍ കുമാർ പറഞ്ഞു. ഒരു മാസം മുൻപു വരെയുള്ള ദൃശ്യങ്ങളെ ഉള്ളൂവെന്നാണു സൂചന. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും സംഘം ചോദ്യംചെയ്തു.
പാലക്കാട് നഗരത്തിനു പുറത്തെ ഹോട്ടലിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചതായി സൂചനയുണ്ട്. തിരുവനന്തപുരത്ത് വാടകയ്ക്കു താമസിച്ച ഫ്ലാറ്റിലും 2 തവണ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവിടെയും പരിശോധന നടത്തും.