സൈബര്‍ സുരക്ഷാ ഭീഷണി: വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ്ങ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്രധാന അറിയിപ്പ്. ആക്ടീവായ സിംകാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. വാട്‌സാപ്പിനോടൊപ്പം തന്നെ മറ്റു മെസേജിങ് ആപ്പുകളായ ടെലിഗ്രാം, സ്‌നാപ് ചാറ്റ്, അറട്ടൈ, ഷെയര്‍ചാറ്റ്, ജോഷ് തുടങ്ങിയ ആപ്പുകളും ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി പ്രവര്‍ത്തിക്കില്ല. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ടെലികോം മന്ത്രാലയം.ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.സൈബര്‍ സുരക്ഷാ ഭീഷണികള്‍ തടയുക എന്നതാണ് ഈ നിയമം കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ ഇന്‍സ്റ്റാൾ ചെയ്യുന്ന സമയത്ത് മാത്രമേ വെരിഫിക്കേഷന്റെ ഭാഗമായി ഈ ആപ്പുകളില്‍ നമ്പര്‍ ആവശ്യപ്പെടുന്നുള്ളൂ. സിം കാര്‍ഡ് മാറ്റിയാലും ആപ്പുകള്‍ പ്രവര്‍ത്തിക്കും. ഇത് സുരക്ഷാ പഴുതുകളുണ്ടാക്കുന്നുണ്ട്.

ആപ്പുകള്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വഴി, ദുരുപയോഗം തടയാനും തട്ടിപ്പുകാരെ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്തവര്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപിലേക്ക് ലോഗ് ഇന്‍ ചെയ്യണം. ഉപയോക്താക്കള്‍ ലോഗ് ഔട്ട് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ആപില്‍ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനവും നിലവില്‍ വരും.

Comments (0)
Add Comment