തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്ത ജില്ലാ കോടതി. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വിഡിയോകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്.
ഡിസംബര്‍ 15 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പൊലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി അറിയിച്ചു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ജയിലില്‍ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്റെ വിഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പൊലീസ് ആരോപിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.