താമര ചിഹ്നത്തിൽ ജനവിധി തേടാൻ സോണിയ ഗാന്ധി

മൂന്നാർ ∙ പേരുകൊണ്ട് ‘കോൺഗ്രസ്’ ആണെങ്കിലും സോണിയ ഗാന്ധി (34) മൂന്നാർ പഞ്ചായത്തിലേക്കു മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥിയായിട്ടാണ്. പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണു മത്സരം. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ്.

നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരു കൊടുത്തത്.

ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സുഭാഷ് ബിജെപി സ്ഥാനാർഥിയായിരുന്നു. കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.

Comments (0)
Add Comment