ചോരക്കുഞ്ഞ് കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; രാത്രി മുഴുവൻ സംരക്ഷണവലയം തീർത്ത് തെരുവുനായ്ക്കൾ

കൊൽക്കത്ത∙ നാടാകെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ തെരുവിൽ കിടന്ന നവജാതശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്ക്കൾ. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന നായ്ക്കൾ, മിനിറ്റുകൾ മാത്രം മുൻപ് പിറന്ന മനുഷ്യക്കുഞ്ഞിനു ചുറ്റും സംരക്ഷണവലയം തീർത്തുനിന്നു; രാത്രി മാഞ്ഞ് പുലർകാലത്ത് തെരുവിൽ ഒരാൾ പ്രത്യക്ഷപ്പെടും വരെ. ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് സംഭവം.

റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നായ്ക്കൾ കുഞ്ഞിനു ചുറ്റും വലയം തീർത്തു. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലർച്ചെ, കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡൽ എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Comments (0)
Add Comment