രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി

തിരുവനന്തപുരം∙ യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു ജാമ്യമില്ല. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തടസങ്ങള്‍ എല്ലാം നീങ്ങിയിരിക്കുകയാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വിധി പ്രഖ്യാപിച്ചത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്. യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്‌ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം, രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ആരോ മെയിലില്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയതാണ് പുതിയ കേസ് എന്നായിരുന്നു പ്രതിഭാഗം പറഞ്ഞത്. യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗര്‍ഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും സിപിഎം-ബിജെപി ഗൂഢാലോചനയാണു പരാതിക്കു പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.

Comments (0)
Add Comment