ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

ബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂർ മുൻപ് രാഹുൽ മുങ്ങി. രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തേ അഭ്യൂഹം പരന്നിരുന്നു.

രാഹുലിനു കാർ എത്തിച്ചു നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ആഡംബര റിസോർട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരിൽ‌ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുൽ കീഴടങ്ങും എന്നു തന്നെയാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞാണ് രാഹുൽ ബെംഗളൂരുവിലേക്ക് പോയത്.

Comments (0)
Add Comment