തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ്‌ മെഷീനുകളുടെ കമ്മീഷനിങ്‌ ജില്ലാ കളക്ടർ വിലയിരുത്തി

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളുടെ കമ്മീഷനിങ്‌ പ്രവർത്തനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ വിലയിരുത്തി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലുമുള്ള വിതരണ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു. നാളെ (ഡിസംബർ 7) വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ്‌ പൂർത്തികരിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിൽ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് കമ്മീഷനിങ്‌ നടക്കുന്നത്. കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയിൽ മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ അസംപ്ഷന്‍ ഹൈസ്‌കൂളിലുമാണ് കമ്മീഷനിങ്‌. ജില്ലാ തെരഞ്ഞെടുപ്പ് ഒബ്‌സർവർ, റിട്ടേണിങ്‌ ഓഫീസർമാര്‍, അസിസ്റ്റന്റ് റിട്ടേണിങ്‌ ഓഫീസർമാര്‍, സെക്ട‌റൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി. ഇ.വി.എം കമ്മീഷനിങ്‌ നടപടികൾ നേരില്‍ കണ്ട് വിലയിരുത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

Comments (0)
Add Comment