ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലി തർക്കം: സഹതാമസക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 25 വർഷത്തിനു ശേഷം പിടിയില്‍

ന്യൂഡൽഹി ∙ ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം കടുത്തതോടെ സഹതാമസക്കാരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഒളിവിൽപോയ പ്രതിയെ 25 വർഷങ്ങൾക്കു ശേഷം പിടികൂടി. 2000 ഫെബ്രുവരി 6നു വടക്കൻ ഡൽഹിയിലെ രൂപ് നഗറിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയായ സതീഷ് യാദവിനെ (50) ബിഹാറിലെ ദർഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽനിന്നാണു പിടികൂടിയത്. പ്രതിക്കൊപ്പം താമസിച്ചിരുന്ന സാജൻ സിങ്ങാണ് (24) കൊല്ലപ്പെട്ടത്.

ഭക്ഷണച്ചെലവിനെച്ചൊല്ലി സാജനും സതീഷും വഴക്കിട്ടിരുന്നെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. പ്രതികാരം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ സതീഷിനെ സാജൻ അടിച്ചതായും പറഞ്ഞിരുന്നു. പിറ്റേന്നു രാവിലെ സാജനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, സതീഷിനെ കാണാതാകുകയും ചെയ്തു.

പിന്നീട് കൊൽക്കത്ത, അസം, ബിഹാറിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാറിമാറിത്താമസിച്ച പ്രതി വർഷങ്ങൾക്കു ശേഷം കേസ് ഒതുങ്ങിയെന്നു കരുതി നാട്ടിൽ തിരിച്ചെത്തിയതായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ പിടിയിലായ സതീഷ്, സാജനെ അന്നു കോടാലികൊണ്ട് ആക്രമിച്ചതായി സമ്മതിച്ചിട്ടുണ്ട്.

Comments (0)
Add Comment