ന്യൂഡൽഹി ∙ ഡേറ്റിങ് ആപ്പിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈൽ നിർമിക്കുകയും അതുവഴി പരിചയപ്പെട്ടയാളിൽനിന്നു പണം തട്ടുകയും ചെയ്ത കേസിൽ യുഗാണ്ട സ്വദേശി അറസ്റ്റിൽ. വീസ രേഖകളില്ലാതെ ബുറാഡി മേഖലയിൽ അനധികൃതമായി താമസിക്കുന്ന മൈക്കൽ ഇഗയാണു (38) പിടിയിലായത്.
സ്വന്തം കാമുകിയുടെ ചിത്രം ഉപയോഗിച്ചാണു പ്രതി വ്യാജ പ്രൊഫൈൽ ഒരുക്കിയത്. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്ന ‘പെൺകുട്ടി’ അസമിൽനിന്നുള്ള അപൂർവ എണ്ണ വാങ്ങുകയും പിന്നീട് വിൽപന നടത്തുകയും ചെയ്യുന്ന ഒരു ലാഭകരമായ ബിസിനസ് ഐഡിയ എന്ന് പറഞ്ഞാണു പണം തട്ടിയത്. ഇത്തരത്തിൽ ഡൽഹി സ്വദേശിയിൽനിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ആറ് ഡെബിറ്റ് കാർഡുകൾ, 22,500 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റജിസ്റ്റർ ചെയ്ത കുറഞ്ഞത് 14 സൈബർ തട്ടിപ്പ് പരാതികളിൽ മൈക്കൽ ഇഗയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.