ആദ്യരാത്രിയില്‍ വരന്റെ കുമ്പസാരം; മൂന്നാം ദിനം വിവാഹമോചന ഹര്‍ജിയുമായി നവവധു

ഗോരഖ്പുര്‍: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വിവാഹമോചന ഹര്‍ജിയുമായി നവവധു. തനിക്ക് ശാരീരിക ബന്ധത്തിനായുള്ള കഴിവില്ലെന്നും അച്ഛനാകാന്‍ സാധിക്കില്ലെന്നും ആദ്യരാത്രി തന്നെ ഭര്‍ത്താവ് തന്നോട് വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

വരന് അച്ഛനാകാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കപ്പെട്ടതായി വധുവിന്റെ കുടുംബം അവകാശപ്പെട്ടു. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം തെളിവായി സമര്‍പ്പിച്ചാണ് യുവതി വിവാഹമോചനവുമായി മുന്നോട്ടുപോകുന്നത്. ഇതോടൊപ്പം വിവാഹത്തിന് തങ്ങള്‍ നല്‍കിയ സമ്മാനങ്ങളും വിവാഹച്ചെലവും തിരികെ നല്‍കണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിതം ചെലവഴിക്കാന്‍ കഴിയില്ലെന്നും വിവാഹ രാത്രിയില്‍ അദ്ദേഹം തന്നെ പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.25-കാരനായ വരന്‍ സഹജന്‍വയിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തിലെ ഏക മകനാണ്. ഗോരഖ്പുര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഒരു ഇന്‍ഡസ്ട്രിയല്‍ യൂണിറ്റില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. വധുവിന്റെ കുടുംബം താമസിക്കുന്ന ബെലിയാപറിലെ ബന്ധുക്കള്‍ വഴിയാണ് ഈ വിവാഹം ശരിയായത്. നവംബര്‍ 28-ന് ഇവര്‍ വിവാഹിതരായി. ഡിസംബര്‍ ഒന്നിന് വിവാഹത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട് വധുവിന്റെ പിതാവ് ഭര്‍തൃവീട്ടില്‍ എത്തി മകളെ കണ്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ശാരീരിക ബന്ധത്തിന് വൈദ്യശാസ്ത്രപരമായി യോഗ്യനല്ലെന്ന് വരന്‍ സമ്മതിച്ചതായി വധു സ്വകാര്യമായി പിതാവിനോട് പറയുകയായിരുന്നു. ഇതോടെ വരന്റെ കുടുംബത്തെ അറിയിക്കാതെ, വധുവിനെ ഉടന്‍ തന്നെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

പിന്നാലെ ഡിസംബര്‍ മൂന്നിന് ബെലിയാപറിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഇരു കുടുംബങ്ങളും മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വരന്റെ കുടുംബം ശാരീരിക സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യം തങ്ങളില്‍ നിന്ന് മറച്ചുവെച്ചതായി വധുവിന്റെ കുടുംബം ആരോപിച്ചു. വരന്റെ രണ്ടാമത്തെ വിവാഹമാണ് ഇതെന്നും വധുവിന്റെ കുടുംബം ആരോപിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ സമാനമായ കാരണങ്ങളാല്‍ വധു ഉപേക്ഷിച്ചുപോയതായും ഇവര്‍ പറഞ്ഞു.പിന്നാലെ ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഗോരഖ്പുരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വരന്റെ വൈദ്യപരിശോധന നടത്തി. ഇതിലാണ് യുവാവിന് അച്ഛനാകാന്‍ സാധിക്കില്ലെന്ന് വ്യക്തമായത്. എന്നാല്‍ വരന്റെ പിതാവ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ വധുവിന്റെ കുടുംബം സഹ്ജന്‍വ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്ന് വിവാഹച്ചിലവായ ഏഴു ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു.

Comments (0)
Add Comment