സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ അറസ്റ്റിൽ

ചെന്നൈ ∙ വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് 5 പേരെ അറസ്റ്റ് ചെയ്തു.

ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വർണം കണ്ടെത്തുകയായിരുന്നു.

പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വർണം കൈപ്പറ്റാനെത്തിയ 3 പേരും കള്ളക്കടത്തിനു സഹായിച്ച യാത്രക്കാരനും ഉൾപ്പെടെ 5 പേരെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിൽനിന്ന് അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതിയിൽ ഹാജരാക്കി.

Comments (0)
Add Comment