മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാ‌ജ് പാട്ടീല്‍ അന്തരിച്ചു

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം.ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദീർഘകാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.ലോക്‌സഭയുടെ മുൻ സ്പീക്കറായിരുന്ന അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ലാത്തൂരില്‍ നിന്ന് ഏഴ് തവണ വിജയിച്ച്‌ ലോക്‌സഭയിലെത്തിയ ആളാണ് ശിവരാജ് പാട്ടീല്‍.1935 ഒക്ടോബർ 12ന് ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി.

ലാത്തൂരില്‍ നിന്ന് 1972ല്‍ നിയമസഭയിലെത്തി.മന്ത്രി, സ്പീക്കർ സ്ഥാനങ്ങള്‍ വഹിച്ചു. 1980ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. തുടർച്ചയായി ഏഴ് തവണ ലോക്സഭയിലെത്തി. 1989വരെ കേന്ദ്രമന്ത്രിയായിരുന്നു. 1991 മുതല്‍ 1996വരെ ലോക്സഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവർണറായും പ്രവർത്തിച്ചു. അസുഖബാധിതനായതോടെ ദീർഘകാലമായി രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

Comments (0)
Add Comment