മാനന്തവാടി: സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജേഷ്ഠൻ സി. കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അനിയൻ സി. ആബുട്ടിയെ 25 വോട്ടുകൾക്കാണ് കുഞ്ഞബ്ദുള്ള പരാജയപ്പെടുത്തിയത്.കുഞ്ഞബ്ദുള്ളയ്ക്ക് 350 വോട്ടുകൾ ലഭിച്ചപ്പോൾ ആബുട്ടിക്ക് 325 വോട്ടുകളാണ് നേടാനായത്. കുഞ്ഞബ്ദുള്ളയുടെ കന്നിയങ്കമായിരുന്നു ഇത്. 1967-ൽ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം നിലവിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്.സി.പി.എം ടൗൺ ബ്രാഞ്ച് അംഗമായ ആബുട്ടി ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. മുൻപ് ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. സഹോദരങ്ങൾ നേർക്കുനേർ വന്നതോടെ ഈ വാർഡിലെ ഫലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.