ദുബായ് ∙ ലഹരി മരുന്ന് വിൽപയ്ക്ക് ശ്രമിക്കുന്നതിനിടെ പൊലീസ് കെണിയിൽപ്പെട്ട 28-കാരനായ ഏഷ്യൻ പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും പിടിച്ചെടുത്ത എല്ലാ ലഹരി മരുന്നുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
2025 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വിൽപനയ്ക്കായി ലഹരി മരുന്ന് കൈവശം വെച്ചിട്ടുള്ള ഏഷ്യൻ പൗരനെക്കുറിച്ച് ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് ഉദ്യോഗസ്ഥർ ആവശ്യക്കാരായി ചമഞ്ഞ് കൃത്യമായ ആസൂത്രണത്തോടെ കെണി ഒരുക്കി. പൊലീസ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരം ലഹരി മരുന്നിന്റെ വിലയായി 200 ദിർഹം വാങ്ങുന്നതിനിടെയാണ് പ്രതിയെ കൈയോടെ പിടികൂടിയത്. അധികൃതർ നടത്തിയ പരിശോധനയിൽ യുഎഇ നിയമം നിരോധിച്ച ലഹരി മരുന്നായ മെത്താംഫെറ്റാമിൻ അടങ്ങിയ ഏകദേശം 24 ഗ്രാം വെള്ള ക്രിസ്റ്റൽ പദാർഥം മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലായി കണ്ടെത്തി. ഇതോടൊപ്പം, പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും ലബോറട്ടറി പരിശോധനകളിൽ സ്ഥിരീകരിച്ചു.
താൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിനിടെ പ്രതി സമ്മതിച്ചു. കൂടാതെ, തനിക്കറിയാത്ത മറ്റൊരു ഏഷ്യൻ ഡീലറിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും അതിലെ ഒരു ഭാഗം മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആവശ്യക്കാരനായി വന്നത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മനസ്സിലാക്കിയതെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പൊലീസ് തന്ത്രപരമായി നടത്തിയ ഈ ഓപഷനിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.തെളിവുകൾ പരിശോധിച്ച ദുബായ് ക്രിമിനൽ കോടതി കുറ്റകൃത്യത്തിന്റെ ഗൗരവം സ്ഥിരീകരിച്ചു. പ്രതിയുടെ കൈവശമുള്ള ലഹരി മരുന്നിന്റെ അളവ്, വിതരണം ചെയ്യാനുള്ള ഉദ്ദേശ്യം, ലഹരി മരുന്ന് ഉപയോഗം എന്നിവ പരിഗണിച്ച് ജീവപര്യന്തം തടവ് ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചു. ലഹരി മരുന്ന് കടത്തിനോട് യുഎഇ സ്വീകരിക്കുന്ന ശക്തമായ ‘സീറോ ടോളറൻസ്’ നയമാണ് ഈ വിധിയിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച് ലഹരിവസ്തുക്കളുടെ വിതരണം തടയുന്നതിൽ ലഹരിവിരുദ്ധ വിഭാഗം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ വ്പറഞ്ഞു. പൊതുസുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കിക്കൊണ്ട് ലഹരി ഇടപാടുകൾ നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ കേസ് നൽകുന്നത്.