വടിവാൾ‌ ആക്രമണം: പ്രതികളായ 5 പേർ മൈസൂരുവിൽ പിടിയിൽ

കണ്ണൂർ ∙ പാനൂർ പാറാട്ടെ വടിവാൾ ആക്രമണത്തിൽ പ്രതികളായ 5 പേരെ പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക് സുരേന്ദ്രൻ, മൊട്ടേമ്മൽ സൗരവ് എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കൊളവല്ലൂർ പൊലീസ് ഇൻസ്പക്ടർ സി. ഷാജു എന്നിവരുടെ സംഘമാണ് മൈസൂരുവിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പാറാട്ട് സിപിഎം സ്തൂപം തകർത്ത കേസിൽ രണ്ട് മുസ്‌ലിം ലീഗ് പ്രവർത്തകരും അറസ്റ്റിലായിരുന്നു.

കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കിടെയാണ് അക്രമം ഉടലെടുത്തത്. സിപിഎം– ലീഗ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടുകയും സ്ഫോടക വസ്തുക്കളും കല്ലും എറിയുകയും ചെയ്തു. നിരധിപേർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ സിപിഎം പ്രവർത്തകർ വടിവാളുമായി വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

അതേ സമയം, സമൂഹ മാധ്യമത്തിലൂടെ ഇടത് സൈബർ പേജുകൾ കൊലവിളി തുടരുകയാണ്. സിപിഎം സ്തൂപം തകർത്തവരെ വധിക്കുമെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവയ്ക്കുന്നുണ്ട്. അതിനിടെ സ്ഫോടക വസ്തു പൊട്ടി പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകരുകയും ചെയ്തിരുന്നു.

Comments (0)
Add Comment