നിയമസഭയിലേക്ക് വോട്ടുണ്ടോ? പരിശോധിച്ച് ഉറപ്പിക്കണം; ഇനിയും വോട്ട് ചേര്‍ക്കാം

തിരുവനന്തപുരം∙ സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. കരട് തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ എന്നിവരുടെ പട്ടിക ബിഎൽഒമാർ പരിശോധനയ്ക്കായി ബിഎൽഎമാർക്ക് നൽകി. ഈ പട്ടികകളിലെ തിരുത്തലുകൾ ഡിസംബർ 18നകം പൂർത്തിയാക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ അറിയിച്ചു. 2025 ഒക്‌ടോബറിലെ വോട്ടര്‍പട്ടികയില്‍നിന്ന് 25 ലക്ഷം പേരാണ് വിവിധ വിഭാഗങ്ങളിലായി ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാകും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറും. ബിഎൽഒമാരുടെ കയ്യിലും പട്ടിക ലഭ്യമായിരിക്കും. ഇത് പൊതുജനങ്ങൾക്ക് പരിശോധിക്കാനും പേര് ഉൾപ്പെടാത്തതിന്റെ കാരണങ്ങൾ മനസിലാക്കാനും കഴിയും.

പരാതികളും ആക്ഷേപങ്ങളും ഡിസംബർ 23 മുതൽ ജനുവരി 22 വരെ നൽകാം. നിശ്ചിത സമയത്തിനുള്ളിൽ എന്യൂമറേഷൻ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഈ കാലയളവിൽ ഫോം 6-നൊപ്പം സത്യവാങ്മൂലവും സമർപ്പിച്ച് പേര് ചേർക്കാം.ഫോം 6: പേര് പുതുതായി ചേർക്കുന്നതിന്ഫോം 6A: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കുംഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.

ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിങ്ങിന് വിളിക്കും. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഒന്നാം അപ്പീൽ നൽകാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫിസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് രത്തൻ കേൽക്കർ അഭ്യർഥിച്ചു.

എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെ കാലയളവിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ പൂർത്തിയാക്കും. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. അതിനുശേഷവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം തുടർച്ചയായ പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

Comments (0)
Add Comment