വിമാനത്തിന്റെ ടയറുകൾ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്, ദുരന്തം വഴിമാറി

കൊച്ചി∙ 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോയ വിമാനത്തിന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്. ജിദ്ദയിൽനിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയിൽ ഇറങ്ങിയത്. വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്.

160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി സിയാൽ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാൻഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. നിലവിൽ വിമാനത്താവളത്തിന് അകത്തുള്ള യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ റോഡ് മാർഗം എത്തിക്കും.

അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തിൽ സിഐഎസ്എഫ്, അഗ്നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങൾ സജ്ജരായി നിന്നിരുന്നു. എന്നാൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതർ.

Comments (0)
Add Comment