സ്ഫോടക വസ്തു കയ്യിലെടുത്തു, പിന്നെ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി

കണ്ണൂർ ∙ പിണറായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ 3 വിരലുകൾ അറ്റു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സുഹൃത്ത് ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നത്. സ്ഫോടക വസ്തു കത്തിക്കാൻ ശ്രമിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പിണറായി വെണ്ടുട്ടായി കനാൽക്കരയിലാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) കൈപ്പത്തിയാണ് ചിതറിയത്. വിരലിന്റെ ഒരു ഭാഗം കണ്ടെടുത്തിരുന്നു. നാടൻബോംബ് പൊട്ടിയെന്നാണ് ആദ്യം അറിഞ്ഞതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമെന്നാണ് സിപിഎം പ്രാദേശികനേതൃത്വം വിശദീകരിച്ചത്.

റീൽസെടുക്കുന്നതിനിടെ പൊട്ടാത്ത പടക്കം കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്.

Comments (0)
Add Comment