1985–ലാണ് എയ്‌ഡ്‌സ് എന്ന മഹാരോഗത്തെപ്പറ്റിയുള്ള വാർത്ത ശ്രദ്ധയിൽപ്പെടുന്നത്. മലയാള മനോരമ ദിനപത്രത്തിന്റെ ഉൾപേജിലെവിടെയോ ആണ് ആ ചെറിയ ഒരു കോളം വാർത്ത കാണുന്നത്. രോഗപ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുത്തുന്ന എയ്‌ഡ്‌സ് രോഗാണുമൂലം ഒരുപാടു രോഗങ്ങൾ ബാധിച്ച് ശരീരം ശോഷിച്ച് രോഗി മരണമടയുന്നു. അതിനു മരുന്ന് കണ്ടെത്തിയിട്ടില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതവും കൊണ്ടാടുന്നവരിലാണ് ഇതു കണ്ടുവരുന്നത്.ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് സുഹൃത്തായ ഡോക്ടറുടെ ഫോൺ കോൾ വന്നു. അദ്ദേഹം കേരളത്തിലെ അതിപ്രശസ്തമായ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. മുംബൈയിലുള്ള ഒരു എയ്‌ഡ്‌സ് രോഗിയെ ചികിത്സിക്കാൻ പറ്റുമോയെന്ന് അവർക്കു വന്ന അന്വേഷണമാണ് വിഷയം. അവരുടെ സ്ഥാപനത്തിൽ ചികിത്സാ പരീക്ഷണം നടത്താൻ പരിമിതികളുണ്ട്. എയ്‌ഡ്‌സ് എന്നു കേട്ടാൽ പോലും ജനങ്ങൾ ഭയന്നു വിറയ്ക്കുന്ന സമയമാണത്. ഞങ്ങൾക്ക് താൽപര്യമുണ്ടോ എന്നറിയാൻ വിളിച്ചതാണ്.
ചോരത്തിളപ്പിന്റെ കാലമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സിക്കാമെന്നേറ്റു. നഴ്‌സിങ് ഹോമിനടുത്തുള്ള വീടെടുത്ത് രോഗിയെ പാർപ്പിച്ച് ചികിത്സ തുടങ്ങി. ഇരുപത്തിയെട്ട് വയസ്സുള്ള യുവതിയാണ് രോഗി. അവരുടെ ഭർത്താവ് ബോംബെ പൊലീസിലായിരുന്നു (ഇന്ന് മുംബൈ). അവിഹിത മാർഗങ്ങളിലൂടെ നീങ്ങിയതുകൊണ്ടായിരിക്കാം, അയാൾക്ക് എയ്ഡ്സ് പിടിപെട്ടു. അവസാനം അവശനായി മരണക്കിടക്കയിലായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ചു. പിന്നെ അയാൾ മരിച്ചു. തുടർന്നു രക്തപരിശോധന നടത്തിയപ്പോഴാണ് ഈ യുവതിക്കും എയ്ഡ്സ് ഉണ്ടെന്നറിയുന്നത്. കാഴ്ചയിൽ അവർ ആരോഗ്യവതിയാണ്.
തുടർന്നു മൂന്നു മാസത്തെ ഔഷധസേവയിലും ഭക്ഷണക്രമത്തിലും നടത്തിയ ചികിത്സയ്ക്കു ശേഷം രക്തം പരിശോധിച്ചപ്പോൾ എച്ച്ഐവി (HIV) നെഗറ്റീവ് എന്നുകണ്ടു. ഇതു പൂർണമായും വിശ്വസിക്കാൻ പറ്റുമോയെന്ന് സംശയമുണ്ടായിരുന്നു. രോഗാണുക്കൾ ശരീരത്തിലെവിടെയെങ്കിലും ഒളിച്ചിരുന്ന് രക്തപരിശോധനയിൽ കാണാതിരിക്കുന്നതാണോ എന്ന് സംശയമുണ്ടായിരുന്നു. മൂന്നു മാസം കഴിഞ്ഞു വന്ന് ആറു മാസത്തേക്കുള്ള ഔഷധങ്ങൾ വാങ്ങി തിരിച്ചുപോയി. മാസങ്ങൾക്കു ശേഷം അവരുടെ വിവരം കാണാഞ്ഞപ്പോൾ കത്ത് അയച്ചിരുന്നു. പക്ഷേ അവർ തന്ന വിലാസം തെറ്റാണെന്ന് പറഞ്ഞു തിരിച്ചുവന്നു. മറ്റുള്ളവർ അറിയാതിരിക്കാൻ മനഃപൂർവം ചെയ്തതായിരിക്കാം.
വേറൊരനുഭവം കൂടി പറയാം. അക്കാലത്ത് ഒരു ദിവസം അതിരാവിലെ നഴ്സിങ് ഹോമിൽ നിന്നൊരു കോൾ വന്നു. സേലത്തു നിന്നുള്ള കുടുംബം ചികിത്സയ്ക്കു വന്നിട്ടുണ്ട്. അന്നെന്റെ മകന് ഒന്നര വയസ്സാണ്. നഴ്സിങ് ഹോമിലേക്ക് പോരാൻ ധൃതിയിൽ കാർ പുറകോട്ട് എടുത്തപ്പോൾ അവന്റെ മൂന്ന് ചക്ര സൈക്കിളിൽ കൂടി കയറിയിറങ്ങി. അത് ഒടിഞ്ഞുനുറുങ്ങി. അതുകണ്ട് അവൻ വാശിപിടിച്ച് കരച്ചിലായി.നഴ്സിങ് ഹോമിൽ വന്നപ്പോൾ സേലത്തു നിന്നുള്ള രോഗിയെന്ന് പറയുന്നത് ആറുവയസ്സുള്ള പെൺകുട്ടിയാണ്. അവളുടെ അച്ഛനും 14 വയസ്സുള്ള ചേച്ചിയും കൂടെ വന്നിട്ടുണ്ട്. ദരിദ്രരാണ്. രോഗിയായ പെൺകുട്ടി തീരെ മെലിഞ്ഞിരിക്കുന്നു. കരൾ വീങ്ങി വയർ ഗർഭിണികളെ പോലെ ആയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അവർ ഇടയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകും. പിന്നെ അന്വേഷിച്ച് കണ്ടു പിടിക്കണം. ഒരുപ്രാവശ്യം ഇറങ്ങിപ്പോയി തിരിച്ചു കൊണ്ടുവരുന്നതിനിടയിൽ ആരൊക്കെയോ അവരെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. അങ്ങനെയാണ് അവർക്ക് എയ്‌ഡ്‌സ് പിടിപെടുന്നത്. അവർ ആരിൽനിന്നോ ഗർഭിണിയായി. പ്രസവശേഷം ഒരു വർഷം കഴിഞ്ഞ് അവർ മരിച്ചു. പിന്നീടാണ് പെൺകുട്ടിക്കും എയ്‌ഡ്‌സ് ഉണ്ടെന്നറിയുന്നത്.
പെൺകുട്ടിയെ പരിശോധിക്കുന്നതിനിടയിൽ, പുതിയ സൈക്കിളിനു വേണ്ടി മകൻ വാശിപിടിക്കുന്നതായി ഭാര്യ ഇടയ്ക്കിടയ്ക്കു വിളിച്ചു പറയുന്നുണ്ട്. എന്തോ അന്നു കയ്യിൽ പൈസയില്ല. രാവിലെ കലക്‌ഷൻ വന്നതിനുശേഷം വേണം മകനു സൈക്കിൾ വാങ്ങാൻ. ഈ പെൺകുട്ടിയുടെ വീട്ടുകാർ മരുന്നിന്റെ പൈസ അടച്ചു കഴിഞ്ഞപ്പോൾ അതുമായി സൈക്കിൾ വാങ്ങാൻ പോയി.മരണത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ചെറിയ പെൺകുട്ടിയുടെ ചികിത്സാ ബിൽ, സൈക്കിൾ കിട്ടാൻ വേണ്ടി വാശിപിടിക്കുന്ന ഡോക്ടറുടെ മകൻ… ഡോക്ടർ നേരിടുന്ന ചില ധർമസങ്കടങ്ങളുടെ നടുക്കടലാണത്. പിന്നീട് മൂന്നര വർഷത്തിനു ശേഷം ആ പെൺകുട്ടി മരിച്ചു. എന്റെ മകൻ ഇപ്പോൾ ആയുർവേദ കോളജിൽ എംഡിക്ക് പഠിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ണുനീർ തുള്ളിയാണ് ആ പെൺകുട്ടി.