പരോൾ നൽകാൻ കൈക്കൂലി വാങ്ങി; ഭാര്യയുടെ അക്കൗണ്ടിലേക്കും പണമെത്തി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം∙ തടവുകാരിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എം.കെ. വിനോദ് കൂമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി വിനോദ്‌ കുമാറിനെതിരെ ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്. പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധനയും കേസും.

ലഹരിക്കേസിൽ ജയിലിൽ കഴിയുന്നവർക്കു പരോൾ വേഗം ലഭ്യമാക്കാൻ ഇടപെടാമെന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഗൂഗിൾ പേ വഴി തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്കു പണം വാങ്ങിയതായാണു അന്വേഷണത്തിൽ കണ്ടെത്തിയത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.80 ലക്ഷം രൂപയെത്തിയ വിവരം ലഭിച്ചത്.

വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് വിജിലൻസിന്റെ നിഗമനം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരിൽ നിന്നു പണം വാങ്ങിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണമുണ്ടാവും.

Comments (0)
Add Comment