തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. ഈ സമയത്ത് എന്തെങ്കിലും അടിയന്തരസാഹചര്യങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ കൈയില്‍ കരുതുന്നതു നല്ലതാണ്. പൊലീസിന്റെ സഹായം ആവശ്യമാണെങ്കില്‍ 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. സ്മാര്‍ട്ട് ഫോണുകളില്‍ പവര്‍ ബട്ടന്‍ തുടര്‍ച്ചയായി 3 തവണ അമര്‍ത്തിയാല്‍ ഈ സേവനം ലഭിക്കും. സാധാരണ മൊബൈല്‍ ഫോണുകളില്‍ 5 അല്ലെങ്കില്‍ 9 അല്‍പനേരം അമര്‍ത്തിയാല്‍ മതിയാകും. പൊലീസ് (100), ഫയര്‍ ഫോഴ്‌സ് (101), ആംബുലന്‍സ് (108), വനിതാ ഹെല്‍പ് ലൈന്‍ (1090) തുടങ്ങിയ ഹെല്‍പ് ലൈന്‍ നമ്പരുകളും ലഭ്യമാണ്.
എല്ലാ സേവനങ്ങളും ഒരു നമ്പറിലേക്കു സമന്വയിപ്പിക്കാനാണ് 112 എന്ന നമ്പര്‍ ആവിഷ്‌കരിച്ചത്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്റര്‍ ആണ് 112 ന്റെ കണ്‍ട്രോള്‍ റൂം. കേരളത്തില്‍ എവിടെ നിന്ന് 112 ലേക്കു വിളിച്ചാലും തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കോള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേക്കു സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അതിവേഗം നിങ്ങളുടെ സഹായത്തിനെത്തും. ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കും സമാനമായി സന്ദേശം നല്‍കും. ഔട്ട്‌ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍നിന്നുപോലും 112 എന്ന നമ്പറിലേക്കു വിളിക്കാം. മൊബൈല്‍ ഫോണുകളില്‍നിന്നും ലാന്‍ഡ് ഫോണില്‍നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ വഴിയും ഈ സേവനം ലഭിക്കും.
ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും മനസില്‍ വയ്ക്കുന്നതു നല്ലതാണ്. അവധിക്കാലത്ത് വീടു പൂട്ടി എവിടേയ്‌ക്കെങ്കിലും പോകുമ്പോള്‍ യാത്ര പുറപ്പെടുന്ന ചിത്രമെടുത്ത് സമൂഹമാധ്യമത്തില്‍ വിവരങ്ങള്‍ സഹിതം പോസ്റ്റ് ചെയ്യുന്നത് മോഷ്ടാക്കളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. പകരം നിങ്ങള്‍ വീടു പൂട്ടി പോകുകയാണെന്ന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലാണ് അറിയിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘ലോക്ക്ഡ് ഹൗസ്’ സൗകര്യം വിനിയോഗിക്കാം.∙ യാത്ര പോകുന്ന ദിവസങ്ങളില്‍ പാല്‍ പത്രം തുടങ്ങിയവ വേണ്ട എന്ന് ബന്ധപ്പെട്ടവരെ അറിയിക്കുക. പൂട്ടിക്കിടക്കുന്ന വീടുകളില്‍ പത്രം, പാല്‍, കത്തുകള്‍ എന്നിവ പുറത്തു കിടക്കുന്നതും പുറത്തെ ഗേറ്റ് പുറമെ കാണുന്ന വിധത്തില്‍ പൂട്ടുന്നതും ആള്‍ത്താമസമില്ലാത്ത വീടുകള്‍ തിരിച്ചറിയാന്‍ മോഷ്ടാക്കള്‍ക്ക് സഹായകമാകും.∙ പുറത്തുള്ള ലൈറ്റുകള്‍ എപ്പോഴും കത്തിച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ലൈറ്റ് ഇടാന്‍ അയല്‍ക്കാരെയോ ബന്ധുക്കളെയോ ഏര്‍പ്പാട് ചെയ്യുകയോ സെന്‍സര്‍ ലൈറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യാം.∙ യാത്ര പോകുമ്പോള്‍ അടച്ചിട്ട വീട്ടില്‍ സ്വര്‍ണം, പണം എന്നിവ സൂക്ഷിക്കാതിരിക്കുക.∙ വീടുകളിലെ പിന്‍വശത്തെ വാതില്‍ കൂടുതല്‍ സുരക്ഷിതമാക്കണം. കമ്പി, പാര, വെട്ടുകത്തി തുടങ്ങി ഭവനഭേദനത്തിന് സഹായകമാകുന്ന ആയുധങ്ങള്‍ വീട്ടിനു പുറത്തു സൂക്ഷിക്കരുത്.∙ രാത്രികാലങ്ങളില്‍ വീടിനു ചുറ്റും വെളിച്ചം കിട്ടുന്ന തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കണം.