നിയമസഭയിൽ എംപിമാർക്കും പ്രതീക്ഷ; 2021ലെ പാളിച്ചയിൽ പാഠം പഠിക്കുമോ?, രാഹുലിന് പകരമാര്? ഷാഫിയുടെ നിലപാട് നിർണായകം

തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി ജനവിധി ഉണ്ടായതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്കു കടക്കുന്ന കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമാകുന്നു. തദ്ദേശതിരഞ്ഞെടുപ്പ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എണ്‍പതിലധികം സീറ്റുകളിലാണ് യുഡിഎഫിനു മേല്‍ക്കൈ തെളിഞ്ഞത്. ഇതു പരിഗണിച്ച് പരമാവധി ജയസാധ്യതയുള്ളവരെ കളത്തിലറക്കി ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കനഗോലു ടീം ഉള്‍പ്പെടെ നടത്തിയ സര്‍വേകളുടെ റിപ്പോര്‍ട്ടുകള്‍ കൂടി വിലയിരുത്തിയാവും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 4, 5 തീയതികളില്‍ നടക്കുന്ന ക്യാംപില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു രൂപംനല്‍കുക. സര്‍വേ റിപ്പോര്‍ട്ടുകള്‍ ഏറെക്കുറേ ശരിവയ്ക്കുന്നതായിരുന്നു തദ്ദേശതിരഞ്ഞെടുപ്പ് ഫലമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായി മാറിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലേക്കു വരുമ്പോള്‍ അതല്ല കളമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പലയിടങ്ങളിലും സംഘടനാ സംവിധാനത്തില്‍ വന്നിട്ടുള്ള ദൗര്‍ബല്യം സര്‍വേ റിപ്പോര്‍ട്ടുകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളാണ് വരും ദിവസങ്ങളില്‍ നടക്കുക.

∙ തിരിച്ചെത്താൻ മോഹിച്ച് എംപിമാർപത്തുവര്‍ഷമായി തുടരുന്ന ഇടതുഭരണം അവസാനിപ്പിച്ച് ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീതി ഉയര്‍ന്നതോടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതാണ് നേതൃത്വത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ദേശീയതലത്തില്‍ മുന്‍പുള്ളതുപോലെയുള്ള റോള്‍ ഇല്ലാത്തതിനാല്‍ പല എംപിമാര്‍ക്കും സംസ്ഥാനരാഷ്ട്രീയത്തിലേക്കു തിരിച്ചെത്തണമെന്ന ആഗ്രഹമാണുള്ളത്. കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങി നിരവധി എംപിമാരുടെ പേര് മത്സരരംഗത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം, എംപിമാര്‍ മത്സരിക്കണോ എന്ന കാര്യം എഐസിസിയാണു തീരുമാനിക്കേണ്ടതെന്നു മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമാണ് എംപിമാര്‍ക്കു നിയമസഭയിലേക്കു മത്സരിക്കാന്‍ ഇളവു നല്‍കാറുള്ളുവെന്നും അത്തരമൊരു നില ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്. കെപിസിസി മുന്‍ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ടാകുമെന്നാണു സൂചന.

∙ ഗ്രൂപ്പിനപ്പുറം പരിഗണനഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറമുള്ള ഘടകങ്ങളും പരിഗണിക്കപ്പെടും. കൈ ഉയര്‍ത്തി, കൈ പിടിച്ച് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ളവരെ കളത്തിലിറക്കി സ്ഥാനമുറപ്പിക്കാനുള്ള നീക്കങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്ന് സുവ്യക്തം. 50% യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കുമെന്നു മുതിര്‍ന്ന നേതാക്കള്‍ പറയുമ്പോഴും ജയസാധ്യത നിര്‍ണായകഘടകമാകും. 2021 തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം സമാനമായ നയം നടപ്പാക്കിയെങ്കിലും ഏതാണ്ടു പൂര്‍ണമായി പാളുന്ന നിലയാണുണ്ടായത്. ഏറെ ചരിത്രപ്രധാനമായ തീരുമാനമെന്നാണു സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതേക്കുറിച്ചു പറഞ്ഞത്. എന്നാല്‍ ചുരുക്കം മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ പുതുമുഖങ്ങളായി അവതരിപ്പിക്കപ്പെട്ട പലരും പരാജയപ്പെടുന്ന സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പിനു വളരെ കുറച്ചുനാള്‍ മുന്‍പു മാത്രം പല മണ്ഡലങ്ങളിലും അവതരിപ്പിക്കപ്പെട്ട പുതുമുഖങ്ങള്‍ക്കു പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയാതിരുന്നതു പാര്‍ട്ടിക്കു വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഈ പാഠം കൂടി വിലയിരുത്തിയാവും ഇക്കുറി സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയെന്നു മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

∙ രാഹുലിന് പകരമാര്?രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കു പുറത്തായതോടെ പാലക്കാട്ട് പകരം ആര് എന്നതാവും നേതൃത്വത്തിനു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. രാഹുലിനു പകരം പാലക്കാട്ടുനിന്നു തന്നെ മറ്റൊരാളെ മത്സരിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് പി.ജെ.കുര്യന്‍ പറയുകയും പിന്നീടു തിരുത്തുകയും ചെയ്തിരുന്നു. ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരാണ് ഉയരുന്നത്. രാഹുലിനെ പുറത്താക്കിയതില്‍ പൂര്‍ണതൃപ്തിയില്ലാത്ത ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അതുകൊണ്ടു തന്നെ പാലക്കാട് മണ്ഡലത്തിലെ വിജയം നേതൃത്വത്തെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം കൂടിയാണ്. ഷാഫി പറമ്പില്‍ എംപിയുടെ നിലപാട് പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.

∙ ബത്തേരി ക്യാംപിൽ തീരുമാനം?ബത്തേരിയില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന ക്യാംപില്‍ കോര്‍ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരടക്കം ഇരുനൂറോളം പേര്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണം, സര്‍ക്കാരിനെതിരായ സമരങ്ങള്‍ എന്നിവയടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചയാണ് ആദ്യത്തേത്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കു രൂപം നല്‍കും. സംഘടനാതലത്തിലുള്ള തയാറെടുപ്പുകള്‍, നടപ്പാക്കേണ്ട മാറ്റങ്ങള്‍ എന്നിവയിലൂന്നിയായിരിക്കും രണ്ടാം ദിനത്തിലെ ചര്‍ച്ച. ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യം പരിശോധിക്കും. കോണ്‍ഗ്രസിനുള്ള സാധ്യതകള്‍, നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് ജില്ലകളില്‍നിന്നുള്ള നേതാക്കള്‍ വിശദീകരിക്കും. തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെയും പ്രാദേശികമായും ഉയര്‍ത്തിക്കാട്ടേണ്ട വിഷയങ്ങളും ക്യാംപ് തീരുമാനിക്കും. വിഷന്‍ 2026, ലക്ഷ്യ 2026 എന്നീ പേരുകളാണ് നിയമസഭാ പോരാട്ടത്തിനായി പാര്‍ട്ടി കണ്ടുവച്ചിരിക്കുന്നത്.

Comments (0)
Add Comment