അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ

തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബര്‍ പൊലീസ് കോടതിയെ സമീപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ പരാതി നല്‍കിയ യുവതിയെ രാഹുല്‍ ഈശ്വര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്നാണ് കേസ്.

അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന രാഹുലിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഹുലിന്റെ വിഡിയോ പരാമര്‍ശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു.

Comments (0)
Add Comment