സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു

തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്‌തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി പൊലീസിനോട് പറഞ്ഞു.

2019 മുതല്‍ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പപ്പയ്ക്ക് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി 2023 സെപ്റ്റംബറില്‍ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്‌സാപ്പുവഴി കൊറിയര്‍ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാല്‍, സന്ദേശം മാറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു. എന്നാല്‍ പിറ്റേദിവസം മുതല്‍ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരില്‍ നിന്ന് വന്നുതുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വര്‍ഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു. അതില്‍പ്പിന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിര്‍ബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും പക്ഷേ, തിരക്കുകാരണം അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ സമയം കിട്ടില്ലെന്നും അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും രാഹുല്‍ പറഞ്ഞതായി യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

താന്‍ നല്ലൊരു പാര്‍ട്ണര്‍ ആയില്ലെങ്കിലും നല്ലൊരു ഫാദര്‍ ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം, സബ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. പ്രിയക്ക് യുവതി നല്‍കിയ മൊഴിയിലാണ് അതിജീവിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

Comments (0)
Add Comment