പ്രസവിച്ച് കിടന്ന യുവതിയെ കാണാനെത്തി കുപ്രസിദ്ധ ഗുണ്ട; വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും

ചെന്നൈ ∙‌ പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതക കേസിൽ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു സമീപം കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഘം വടിവാളുകൊണ്ടു വെട്ടി വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ആദി സംഭവസ്ഥലത്തു തന്നെ മരിച്ചു. യുവതി ജന്മം നൽകിയ നവജാത ശിശു ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ഇതറിഞ്ഞാണ് ആദി ഇവിടേക്കെത്തിയത്.

നവജാത ശിശു മരിച്ചതിനെ തുടർന്ന് ആദിയും സുചിത്രയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടിരുന്നു. തുടർന്ന് ആദിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. എന്നാൽ മദ്യപിച്ചെത്തിയ ആദി പ്രസവ വാർഡിന് സമീപം നിന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ആദിയെ കുറിച്ച് ആശുപത്രി ജീവനക്കാരിയാണ് യുവതിയുടെ ഭർത്താവിന് വിവരം നൽകിയതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments (0)
Add Comment