തിരുവല്ല: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടരുന്നെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നൽകാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം.
രാഹുലിന്റെ രണ്ടു ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ഒരു ഐഫോൺകൂടി ലഭിച്ചു. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.
തനിക്ക് അനുകൂലമായ തെളിവുകൾ ഫോണുകളിലുണ്ടെന്നും എസ്‌ഐടി ഫോണുകൾ പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുൽ എസ്‌ഐടിയോട് പറഞ്ഞിരിക്കുന്നത്.രാഹുലിന്റെ ലാപ്‌ടോപ്പിനായും അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. അതിനാൽ ലാപ്‌ടോപ് എവിടെയെന്ന് കണ്ടെത്താൻ എസ്‌ഐടിക്കായിട്ടില്ല. ഒരുപക്ഷേ ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
രാഹുലിന്റെ ഫോണിൽ പരാതിക്കാരിയുടെ ദൃശ്യങ്ങൾ ഉള്ളതായി എസ്‌ഐടി സംശയിക്കുന്നുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.