എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപന പരിധിയിലെ ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ, തുടര്‍ചികിത്സ ഉറപ്പാക്കി ക്ഷയരോഗത്താലുള്ള മരണങ്ങള്‍ ഇല്ലാതാക്കുകയാണ് ക്ഷയരോഗ മുക്ത പഞ്ചായത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തതോടെ നടത്തുന്ന ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആറ് സൂചികകള്‍ പരിഗണിച്ചാണ്പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗമുക്ത പദവി കേന്ദ്ര ടി.ബി ഡിവിഷന്‍ നല്‍കുന്നത്. ക്ഷയരോഗ മുക്ത പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, അവാര്‍ഡ് എന്നിവ നല്‍കും. ആദ്യവര്‍ഷം വെങ്കല നിറത്തിലും തുടര്‍ച്ചയായി പദവി നിലനിര്‍ത്തുന്ന പഞ്ചായത്തുകള്‍ക്ക് സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലും അവാര്‍ഡ് നല്‍കും.ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിനായി ജില്ലാ ക്ഷയരോഗ വിഭാഗം ഓഫീസര്‍ ഡോ. പ്രിയ സേനന്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ജില്ലാ എപ്പിഡിമോളജിസ്റ്റ് ഡോ. ബിപിന്‍ ബാലകൃഷ്ണന്‍, ക്ഷയരോഗ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ടി ജാലിബ എന്നിവര്‍ പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ക്ഷയ രോഗമുക്ത പഞ്ചായത്ത് നോഡല്‍ ഓഫീസറുമായ സി.കെ അജീഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജില്ലാ ടി.ബി ആന്‍ഡ് എച്ച്.ഐ.വി കോ- ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ പി. സ്മിത, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ പി.എസ് ശാന്തി എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment