പുതിയ കാറിന് കണ്ണേറ് തട്ടാതിരിക്കാൻ ദിവസവും നാരങ്ങയേറ്; വീഴുന്നത് അയൽവീട്ടിൽ, തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ

കോയമ്പത്തൂർ ∙ പുതിയ കാർ വാങ്ങിയതിനു കണ്ണേറു തട്ടാതിരിക്കാൻ ചെറുനാരങ്ങ എറിഞ്ഞത് അയൽവീട്ടിലേക്ക്. തർക്കത്തിനൊടുവിൽ നടന്നതു കൂട്ടത്തല്ല്. കോയമ്പത്തൂർ കാരമട പെരിയപ്പുതൂരിലാണു സംഭവം. പ്രദേശവാസിയായ നവീൻ കുമാർ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാൻ ദിവസവും ചെറുനാരങ്ങ മുറിച്ചു നാലുവശത്തേക്കും എറിയുന്നതു പതിവായിരുന്നു.

തുടർച്ചയായ 3 ദിവസവും ചെറുനാരങ്ങയുടെ കഷണം അയൽവാസിയായ പൊന്നുസ്വാമിയുടെ വീട്ടിലാണു വീണത്. ഇതു ചോദ്യം ചെയ്ത പൊന്നുസ്വാമിയോടു നവീൻ കുമാർ കയർത്തു സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. തർക്കത്തിൽ വീട്ടുകാരും വിവരമറിഞ്ഞെത്തിയ ബന്ധുക്കളും ചേർന്നതോടെ കൂട്ടത്തല്ലായി.

നവീൻ കുമാറിനെ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങൾ ഇയാൾ തന്നെയാണു പുറത്തുവിട്ടത്. ഇരുവിഭാഗവും കാരമട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രദേശത്തെ മുതിർന്നവർ ഇടപെട്ടതോടെ പ്രശ്നം രമ്യമായി പരിഹരിക്കാമെന്നു തീരുമാനിച്ചിട്ടുണ്ട്.

Comments (0)
Add Comment