കണ്ണൂർ ∙ ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും ജയരാജൻ പറഞ്ഞു.
തടവുകാരുടെ കൂലി കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു. 620 രൂപയായാണ് വേതനം ഉയർത്തിയത്. അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടി എന്നാണ് വേതന വർധനവില്‍ സർക്കാരിന്‍റെ വിശദീകരണം. ഇതിനെ ന്യായീകരിച്ചാണ് ജയരാജനും രംഗത്തെത്തിയത്.
തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടേയും കൂലി കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണ്. അവരുടെ കൂലി കൂട്ടണമെന്ന് കേന്ദ്രത്തോടാണ് ആവശ്യപ്പെടേണ്ടത്. കൂലി കൂട്ടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയരാജൻ ചോദിച്ചു. ശബരിമലയിൽ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ആർക്കും ഒരു പരിഗണനയും നൽകുന്നില്ല. ബിഹാറിൽ കോൺഗ്രസ് മറ്റു പാർട്ടികളെ പരിഗണിച്ചില്ല. എല്ലാ സീറ്റിലും മത്സരിച്ചു. ആകെ ആറ് സീറ്റിൽ ജയിച്ചു. അവർ ഇപ്പോൾ പാർട്ടി വിട്ടു പോകുകയാണ്. കോൺഗ്രസ് തിരുത്താൻ തയാറാകണമെന്നും ജയരാജൻ പറഞ്ഞു.