വയനാട്‌ പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

കൽപറ്റ: വയനാട്‌ പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭ‍ൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക്‌ ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം നൽകി സ്ഥിരപ്പെടുത്തുക, പ്രമോട്ടർമാരുടെ വേതനം വർധിപ്പിക്കുക, ഭൂമിക്ക്‌ കൈവശരേഖ നൽകിയവർക്ക്‌ പട്ടയം അനുവദിക്കുക, നിക്ഷിപ്‌ത വനഭൂമിയിൽ കൂടിൽകെട്ടി താമസിക്കുന്നവർക്ക്‌ ഭ‍ൂമി പതിച്ചുനൽകുക, നികുതി അടയ്‌ക്കാത്ത ഭൂമിയുടെ കുടിശിക എഴുതിത്തള്ളി ഭ‍ൂമി അവകാശികൾക്ക്‌ നൽകുക, ഭവന നിർമാണത്തിനുള്ള തുക ആറ്‌ ലക്ഷം രൂപയിൽനിന്ന്‌ 10 ലക്ഷം രൂപയായി ഉയർത്തുക, പട്ടികവർഗ കുടുംബത്തിൽ ഒരാൾക്ക്‌ തൊഴിൽ നൽകുക, വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച കുടുംബങ്ങളുടെ കുടിശിക എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു. 23 മുതൽ കലക്ടറേറ്റിനു മുന്നിൽ എകെഎസ്‌ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്‌ മുന്നോടിയായാണ്‌ നിവേദനം നൽകിയത്‌. എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ പി വിശ്വനാഥൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സീത ബാലൻ, ആദിവാസി ഭൂസമരസഹായ സമിതി കൺവീനർ സി കെ ശശീന്ദ്രൻ എന്നിവർ ചേർന്നാണ്‌ നിവേദനം നൽകിയത്‌. പട്ടികവർഗ വകുപ്പ്‌ മന്ത്രി ഒ ആർ കേളു, ധനകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർക്കും നിവേദനം നൽകി.

Comments (0)
Add Comment