കൊച്ചി ∙ ക്ഷാമബത്ത (ഡിഎ) നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്നും അതിനാൽ ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം അറിയിക്കുക ബുദ്ധിമുട്ടാണെന്നും സർക്കാർ ഹൈക്കോടതിയിൽ. മാത്രമല്ല, ശമ്പളം, അലവൻസ്, പെൻഷൻ, ശമ്പള പരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയവ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി. 2023 ജൂലൈ മുതൽ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷും ഭാരവാഹികളും നൽകിയ ഹർജിക്കുള്ള അധിക മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലമാണ് സംസ്ഥാനത്തിനു ഫണ്ട് ലഭ്യമല്ലാത്തതെന്നും കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി മുമ്പാകെയുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
ക്ഷാമബത്ത അടക്കം തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. അതൊരു നയപരമായ തീരുമാനവുമാണ്. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കണക്കാക്കാനാവില്ല, മറിച്ച് സർക്കാരെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമാണ്. ഇതേ വിഷയത്തിൽ ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി പറഞ്ഞത് ജീവനക്കാർ ക്ഷാമബത്ത കിട്ടാൻ അനന്തമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നാണ്. അതല്ലാതെ, പണം നൽകാൻ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ക്ഷാമബത്ത എന്നത് നിർബന്ധിതമായി നൽകേണ്ട നിയമപരമായ ഒന്നല്ല. 2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകുന്നത് തടഞ്ഞിരുന്നു. ഈ കുടിശിക പിന്നീട് നൽകിയിട്ടില്ല– സർക്കാർ കോടതിയിൽ വ്യക്തമാക്കി.
സർക്കാർ സ്വീകരിക്കുന്ന നയപരമായ കാര്യങ്ങളിലും സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിലും കോടതി ഇടപെടലിന് സുപ്രീം കോടതി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതി കണക്കാക്കുന്നത് കോടതി ഇടപെടലിന് പരിധിയുണ്ട് എന്നാണ്. ക്ഷാമബത്ത വിതരണം ചെയ്യുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ സർക്കാർ എടുക്കുന്ന തീരുമാനം നയപരമായ തീരുമാനമായി കണക്കാക്കുകയും ജുഡീഷ്യൽ ഇടപെടലിന് കുറഞ്ഞ സാധ്യതയേ ഉള്ളൂ എന്ന് കണക്കാക്കുകയും വേണം. സർക്കാരിന് സമൂഹത്തിലെ പാവപ്പെട്ടവരടക്കമുള്ളവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ക്ഷാമബത്തയും പെൻഷനും പെൻഷൻ പരിഷ്കരണവുമൊക്കെ സമൂഹത്തിന്റെ ആകെ താൽപര്യം പരിഗണിച്ചുകൊണ്ടേ ചെയ്യാനാവൂ. ക്ഷാമബത്ത വിതരണത്തിൽ സുപ്രീം കോടതിയും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല– സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. അടിയന്തരമായി 22,226 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാൻ കേന്ദ്രത്തന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലമാണ് സർക്കാരിനു ഫണ്ട് ലഭ്യമല്ലാത്തത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ ക്ഷാമബത്ത വിഷയത്തിലുള്ള അടുത്ത നടപടി തങ്ങൾക്ക് സാധ്യമാകൂ എന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.