തിരുവനന്തപുരം: ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസ്. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി. ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്‌സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്‌സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്‌സ് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.