‘തീ തുപ്പും’ കാറുമായി റോഡിൽ പാഞ്ഞു; വലിയ വില നൽകേണ്ടി വരുമെന്ന് പൊലീസ്, മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷംരൂപ പിഴ

ബെംഗളൂരു∙ കാറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥിക്ക് ബെംഗളൂരു ഗതാഗത വകുപ്പ് വൻതുക പിഴ ചുമത്തി. കാറിന്റെ സൈലൻസറിലൂടെ തീ തുപ്പുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയതിനാണ് ബെംഗളൂരു യെലഹങ്ക ട്രാൻസ്‌പോർട്ട് ഓഫിസ് 1.11 ലക്ഷം രൂപ പിഴ ഈടാക്കിയത്.

70,000 രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിലാണ് ലക്ഷങ്ങൾ ചെലവാക്കി വിദ്യാർഥി മാറ്റങ്ങൾ വരുത്തിയത്. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. ‘പൊതുനിരത്തുകൾ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല’ എന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് എക്സിൽ കുറിച്ചു. ‘‘എക്സോസ്റ്റിൽ നിന്ന് തീ വരുന്നുണ്ടോ? എങ്കിൽ അതിനുള്ള വിലയും പ്രതീക്ഷിക്കുക. പൊതുനിരത്തുകൾ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല. വാഹനങ്ങളിൽ തീപ്പൊരിയോ തീയോ ഉണ്ടാക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണ്. അഭ്യാസങ്ങൾക്ക് വലിയ വില നൽകേണ്ടി വരും’’.

പൊലീസ് പങ്കുവച്ച വിഡിയോയിൽ കാറിൽ നിന്ന് തീ വരുന്നത് കാണാം. ആർടിഒ പൊലീസിനു നൽകിയ കത്തും 1,11,500 രൂപ പിഴ അടച്ച രസീതും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ കാറിന് സമീപം പൊലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. പൊലീസിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

Comments (0)
Add Comment