കോഴിക്കോട് ∙ കടൽത്തീരത്ത് കഞ്ചാവ് ഉണക്കാനിട്ട ശേഷം ഉറങ്ങിപ്പോയ യുവാവ് പൊലീസ് പിടിയിൽ. വെളളയിൽ സ്വദേശി മുഹമ്മദ് റാഫി (30) ആണ് പിടിയിലായത്. രാവിലെ കോഴിക്കോട് ബീച്ചിൽ നടക്കാൻ പോയവരാണ് കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം തൊട്ടടുത്ത് പായ വിരിച്ച് ഉറങ്ങുന്ന യുവാവിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഷൂ അഴിച്ചുവച്ച് ഹെൽമറ്റും സമീപം വച്ചശേഷമാണ് ഇയാൾ പായ വിരിച്ച് ഉറങ്ങിയത്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വന്തം ഉപയോഗത്തിനു വേണ്ടിയാണ് കഞ്ചാവ് ഉണക്കാനായി ഇട്ടതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൈവശം വച്ചതിനു മുൻപും റാഫി പിടിയിലായിട്ടുണ്ട്. ഇയാൾ കഞ്ചാവ് ഉപയോഗിച്ച ശേഷമാണോ കിടന്നതെന്നത് വ്യക്തമല്ല.