കൊല്ലം∙ വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ഫോൺ സംഭാഷണം പുറത്ത്. കിരണിനെ അടിച്ചശേഷം ഫോണുമായി രക്ഷപ്പെട്ട യുവാക്കളുടെ സംഘത്തെ കിരണിന്റെ സുഹൃത്തെന്ന വ്യാജേന ശൂരനാട് പൊലീസ് വിളിച്ചപ്പോഴുള്ള വിവരമാണ് ലഭിച്ചത്. തങ്ങൾ മർദ്ദിച്ചിട്ടുണ്ടെന്നും തെറിപറഞ്ഞാണ് നടന്നുപോയതെന്നും ഫോൺ സംഭാഷണത്തിൽ യുവാക്കൾ സമ്മതിക്കുന്നുണ്ട്.
പ്രതി: ആരാ ഇത്?പൊലീസ് ഉദ്യോഗസ്ഥൻ: എന്റെ പേര് ശേഖർ എന്നാ. മോന്റെ പേരെന്താ?പ്രതി: മോനല്ല, നീ കാര്യം എന്താന്ന് പറയ്.പൊലീസ് ഉദ്യോഗസ്ഥൻ:എന്തുവാ പ്രശ്നം, ആരാ ഇത്?പ്രതി: പ്രശ്നങ്ങൾ ഉണ്ടാക്കിയവന്മാർ തന്നെയാ സംസാരിക്കുന്നത്. ഇതാരാ സംസാരിക്കുന്നത്?പൊലീസ് ഉദ്യോഗസ്ഥൻ: ഞാൻ കിരണിന്റെ സുഹൃത്താ.പ്രതി: സുഹൃത്ത് പറഞ്ഞോ.പൊലീസ് ഉദ്യോഗസ്ഥൻ: എടാ മക്കളെ കാര്യം എന്താന്ന് വച്ചാൽ പറയ്. നിങ്ങൾ എന്തിനാ ഉടക്കാൻ നിൽക്കുന്നത്?
പ്രതി: മക്കളെന്ന് വിളിക്കേണ്ട. ഞങ്ങൾ മക്കളൊന്നുമല്ല, മാമന്മാരാ.പൊലീസ് ഉദ്യോഗസ്ഥൻ: മാമാന്മരെ പ്രശ്നം എന്താന്ന് പറയ്.പ്രതി: പ്രശ്നം അവനോട് ചോദിക്ക്.പൊലീസ് ഉദ്യോഗസ്ഥൻ: അവനെ വിളിച്ചാൽ കിട്ടേണ്ടേ. ഫോൺ നിങ്ങളുടെ കൈയ്യിൽ ഇരിക്കയല്ലേ.പ്രതി: വീട്ടുകാരെ നമ്പരുണ്ടോ.പൊലീസ് ഉദ്യോഗസ്ഥൻ: അവന്റെ വീട്ടുകാരെ നമ്പറൊന്നും എന്റെ കൈയ്യിൽ ഇല്ല.
പ്രതി: അവന്റെ വീട്ടുകാരോട് ഞങ്ങൾ കുറേ വിളിച്ചുനോക്കിയതാ. അവർ എടുത്ത് സംസാരിക്കൊന്നുന്നുമില്ലപൊലീസ് ഉദ്യോഗസ്ഥൻ: എനിക്ക് കാര്യം മനസിലാകുന്നില്ല മക്കളെ. കാര്യം എന്തുവാന്ന് പറയ്.പ്രതി: കാര്യം ഇങ്ങോട്ട് വന്നു കയറിയതാ, കൊടുത്തിട്ടുണ്ട്. ഞങ്ങൾ കുറച്ച് വെള്ളമടിച്ചിട്ട് നടന്നു പോയപ്പോൾ ഇവൻ വന്നുകയറി നമ്മളോട് റോങ്ങ് ആവുകയാ.പൊലീസ് ഉദ്യോഗസ്ഥൻ: ചുമ്മാ റോങ്ങാവുമോ.പ്രതി: വഴിയേ നടന്നുപോയപ്പോൾ ഞങ്ങളോടു വന്ന് റോങ്ങായതാ. നമ്മൾ പൊതുവെ വെള്ളമടിച്ചിട്ട് നിൽക്കുകയാ. നമ്മളും കയറി റോങ്ങായി. അവൻ നമ്മളെ ഇടിക്കാൻ കയറി വന്നു. കോളറിൽ പിടിച്ച് ഇടിക്കാൻ വന്നു. ഞങ്ങളും കയറി ഇടിച്ചു. അവന്റെ ഫോണും കളഞ്ഞിട്ട് അവൻ പോയി.നമ്മൾ അടുത്തുതന്നെയുള്ളതാ. നമ്മൾ വരുത്തന്മാരൊന്നുമല്ല. വെള്ളം അടിച്ചിട്ട് നിൽക്കുമ്പോൾ ഇങ്ങനെ പെരുമാറരുത്. ഞങ്ങൾ ചീത്തയും വിളിച്ച് നടന്നുപോകുമ്പോഴാ പുള്ളി കയറിവന്നത്.
∙ കിരണിന്റെ പരാതി ഇങ്ങനെറോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തുവെന്നായിരുന്നു കിരണിന്റെ ആരോപണം. വീടിനു പുറത്തേക്കു ചെന്ന കിരണിനെ മർദിച്ചു. അടിച്ചു താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നുവെന്നും കിരൺ നൽകിയ പരാതിയിൽ പറയുന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ചു പോകാറുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.നിലമേൽ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിയുമായിരുന്ന വിസ്‌മയ (24) സ്ത്രീധന പീഡനത്തെ തുടർന്നു 2021 ജൂൺ 21നു ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിലാണ് ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനു ശിക്ഷിച്ചത്. സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടിയശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.