അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി

കൊച്ചി ∙ എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്ന് നിഗമനം. ഇന്നു രാവിലെയാണ് ചേർത്തല പാണാവള്ളി സ്വദേശിയായ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

വ്യാഴാഴ്ച രാത്രി 11.30നും ഇന്നു രാവിലെ 11നും ഇടയിലാണ് മരണം നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയാണ് എന്നാണ് കരുതുന്നതെന്നും എന്നാൽ വിശദമായ അന്വേഷണത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ആളാണ് പവിശങ്കർ. എന്നാൽ കുറച്ചു കാലമായി ജോലിയില്ലായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പവിശങ്കറിന്റെ ഭാര്യ സ്നാഷയും കസിൻ ശബരീഷുമാണ് മൃതദേഹം ആദ്യം കാണുന്നത്. ഇടപ്പള്ളിയിലെ ഷോപ്പിങ് മാളിലുള്ള ഒരു കടയിൽ ജോലി ചെയ്യുന്ന സ്നാഷ തന്റെ ഷിഫ്റ്റ് അവസാനിച്ച ശേഷം രാത്രി 11.30ഓടെ വീട്ടിലെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്. പവിശങ്കറിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മകളെയും ഭർത്താവിനെയും കാണാതായതോടെ പരിഭ്രാന്തയായ സ്നാഷ രാത്രി തന്നെ പൂത്തോട്ടയിലുള്ള കസിന്റെ വീട്ടിലെത്തി. തങ്ങൾ രാത്രി മുഴുവൻ പവിശങ്കറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ശബരീഷ് പറയുന്നു.

രാവിലെ കാണാതായ വിവരത്തിന് പൊലീസിൽ പരാതി നൽകാനായി പോണേക്കരയിലെത്തിയ സമയത്ത് ഒരിക്കൽ കൂടി വീട്ടിൽ നോക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശബരീഷ് പറയുന്നു. വീട്ടിലെത്തുമ്പോൾ വാതിൽ അടഞ്ഞാണ് കിടുന്നിരുന്നതെങ്കിലും പൂട്ടിയിരുന്നില്ല. താക്കോൽ വാതിലിൽ തന്നെ വച്ചിരുന്നു. അകത്തു കയറി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നതെന്നും ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Comments (0)
Add Comment