Listen live radio
ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്കെന്ന് ജസ്റ്റിസ് എപി ഷാ
ഡല്‍ഹി: ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ. ജനാധിപത്യ രാഷ്ട്രങ്ങള്‍ എങ്ങനെ മരിക്കുന്നു എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയ വഴിയിലാണ് നാം സഞ്ചരിക്കുന്നത്. വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
അസാധാരണ കൊവിഡ് സാഹചര്യം എതിര്‍പ്പുകളെ അടിച്ചമര്‍ത്തി അധികാരം കേന്ദ്രീകരിക്കുന്നതിന് ഗതിവേഗം കൂട്ടി. കേന്ദ്ര എക്സിക്യൂട്ടീവ് പരമാധികാരികളാവുകയും ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട ഇതര സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റ് മാര്‍ച്ച് മുതല്‍ ഒരു പ്രേതനഗരമായി അവശേഷിക്കുന്നു.
ബ്രിട്ടന് മുതല്‍ മാലദ്വീപ് വരെയുള്ള രാജ്യങ്ങളിലെ പാര്ലമെന്റുകള് ബദല്‍ സംവിധാനങ്ങളിലൂടെ സമ്മേളിച്ചു. അയല്‍ രാജ്യങ്ങളുമായുള്ള യുദ്ധകാലത്തും പാര്‍ലമെന്റിനുനേരെ ഭീകരാക്രമണമുണ്ടായ അടുത്ത ദിവസവും സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത പാരമ്ബര്യമാണ് നമുക്കുള്ളത്. കോളനി വാഴ്ചക്കാലത്ത് എക്സിക്യൂട്ടീവിന്റെ ഏകാധിപത്യഭരണം വെളിപ്പെട്ടതാണ്. ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് ലെജിസ്ലേച്ചറിനാണ് ഭരണഘടനാ അസംബ്ലി കൂടുതല്‍ പവിത്രത കല്‍പ്പിച്ചത്.
എന്നാല്‍, 2014നുശേഷം എല്ലാ സംവിധാനങ്ങളും ആസൂത്രിതമായി തകര്‍ക്കുകയാണ്. പ്രതീക്ഷ അര്‍പ്പിക്കാവുന്ന ജുഡീഷ്യറിയുടെ പല ഇടപെടലും നിരാശാജനകമാണ്. കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത, ഇലക്ടറല്‍ ബോണ്ട്, പ്രതിഷേധങ്ങളെ യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുന്നത് തുടങ്ങിയ സുപ്രധാനവിഷയങ്ങള്‍ സുപ്രിംകോടതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാല്‍ ഇവയില്‍ പലതും അവഗണിക്കുകയോ, ദുരൂഹമായി നീട്ടിക്കൊണ്ടുപോവകുയോ ചെയ്യുകയാണുണ്ടായതെന്നും ഷാ പറഞ്ഞു.