Listen live radio

കരളോടു ചേർന്ന’ സ്നേഹസ്പർശത്തിൽ അബിനയും അദ്രിനാഥും പുതു ജീവിതത്തിലേയ്ക്ക്

കോവിഡ് കാലത്തെ അതിജീവിച്ച രണ്ട് കരൾ മാറ്റ ശസ്ത്രക്രിയകൾ...

after post image
0

- Advertisement -

തിരുവനന്തപുരം: കടപ്പാടുകൾ അറിയിക്കാൻ വാക്കുകൾക്കായി പരതുകയാണ് അബിനയുടെയും അദ്രിനാഥിന്റെയും രക്ഷിതാക്കൾ. എഴു വയസു പ്രായമുള്ള അബിനയുടെ അച്ഛൻ കാഞ്ഞിരംകുളം സ്വദേശിയായ ബൈജുവും 10 മാസം മാത്രം പ്രായമുള്ള അദ്രിനാഥിന്റെ അച്ഛൻ കാഞ്ഞിരംകുളം സ്വദേശി ശ്യാംകുമാറും പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് കരൾ പകുത്തു നൽകാൻ തയ്യാറായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി അവർക്കു മുന്നിൽ വിലങ്ങുതടിയായി.
മനസിൽ തെളിഞ്ഞു വരുന്ന ഓമനമക്കളുടെ മുഖം അവരുടെ തീരുമാനം ഒന്നുകൂടി ബലപ്പെടുത്തി. രക്ഷിതാക്കൾക്കുള്ള പിന്തുണയ്ക്കൊപ്പം കരൾ മാറ്റ ശസ്ത്രക്രിയ വഴി കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് മടക്കിയെത്തിക്കാൻ
കേരള സാമൂഹ്യ സുരക്ഷാ മിഷൻ അവർക്കൊപ്പം കൈകോർക്കുകയായിരുന്നു.
എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് ഗ്യാസ്ട്രോ എൻറോളജി ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടികൾക്ക് നടത്തിയ പരിശോധനയിൽ കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ഡോക്ടർ കണ്ടെത്തി. കരൾ നൽകാൻ കുട്ടികളുടെ അച്ഛൻമാർ തയ്യാറായെങ്കിലും അതിനു വേണ്ട സാമ്പത്തിക ചെലവ് കൂടുംബാംഗങ്ങൾക്ക് താങ്ങാവുന്നതായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ വഴി ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താൻ എസ് എ ടി അധികൃതർ വഴി തേടിയത്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് ഇടപെട്ട് കോവിഡ് കാലത്തെ തടസങ്ങൾ നീക്കി എത്രയും വേഗം കരൾ മാറ്റശസ്ത്രക്രിയ നടത്താൻ നടപടികളും സ്വീകരിച്ചു. തുടർന്ന് എസ് എ ടി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ എ സന്തോഷ് കുമാർ, ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ എസ് ബിന്ദു, കൺസൾട്ടന്റ് പീഡിയാട്രിക് ഗ്യാസ്ട്രോ എൻറോളജിസ്റ്റ് ഡോ കെ എസ് പ്രശാന്ത് എന്നിവരടങ്ങിയ സംഘം ചികിത്സയ്ക്കും മറ്റുമുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
ചികിത്സാ ചെലവായി രണ്ടു കുട്ടികൾക്കുമായി 20 ലക്ഷം രൂപ ലഭിച്ചു. ഇതേതുടർന്ന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കുട്ടികൾ രക്ഷിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം എസ് എ ടി യിൽ എത്തി. മക്കളെ പൂർണ ആരോഗ്യത്തോടെ തിരികെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ സഹായിച്ച ആരോഗ്യ വകുപ്പു മന്ത്രിയ്ക്കും സാമൂഹ്യ സുരക്ഷാ മിഷനും എസ് എ ടി യിലെയും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിലെയും ഡോക്ടർമാർക്ക് നന്ദി അറിയിച്ച ശേഷമാണ് അവർ മടങ്ങിയത്.
ആറു വർഷത്തിനുള്ളിൽ എസ് എ ടി യിൽ 9000-ത്തിലേറെ കുട്ടികൾ ഉദര – കരൾ രോഗത്തിനു ചികിത്സ തേടിയെത്തിയിട്ടുണ്ട്. അതിൽ 15 കുട്ടികൾക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ സഹായത്താൽ ചെലവേറിയ കരൾ മാറ്റ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുകയും ചെയ്തു.
ചിത്രം: കരൾ മാറ്റിവച്ച അബിനയും അച്ഛൻ ബൈജു കുമാറും അദ്രിനാഥിന്റെ അച്ഛൻ ശ്യാംകുമാറും എസ് എ ടി ആശുപത്രി അധികൃതർക്കൊപ്പം

Leave A Reply

Your email address will not be published.