Listen live radio
ആലപ്പുഴ: അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി, പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ഫിറോസ് ആലപ്പുഴ ബീച്ചിൽ ഫലവൃക്ഷത്തൈ നടീലും, വൃക്ഷത്തൈ വിതരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം നിർവ്വഹിച്ചു.
നഗരസഭ അധ്യക്ഷ സൗമ്യാ രാജ്, കൗൺസിലർമാരായ പ്രഭാ ശശികുമാർ, നജിതാ ഹാരിസ്, ബീച്ച് പോലീസ് എസ്ഐ റ്റി രാജേഷ്, എ സുബൈർ തുടങ്ങിയവർ പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ സംബന്ധിച്ചു.
ഭൂമിയിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് പ്രധാന പങ്ക് വഹിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കുക എന്നത് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണെന്നും,
ഓസോൺ പാളികൾക്ക് വിള്ളലുണ്ടായാൽ
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും ഫിറോസ് പറയുന്നു. അതിനാൽ ജനങ്ങളിൽ, പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ ഇതു സംബന്ധിച്ച് ഗൗരവ്വമായ അവബോധം വളർത്തേണ്ട ഒരു ദിനം കൂടിയാണ് ഓരോ ഓസോൺ ദിനവും.
മരങ്ങൾ വച്ചു പിടിപ്പിച്ചും, ഉള്ള മരങ്ങളെ സംരക്ഷിച്ചും, അന്തരീക്ഷ മലിനീകരണം കുറച്ചും ഓസോൺ പാളിയെ സംരക്ഷിച്ച് നിർത്താൻ നമ്മളോരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നേരത്തെ സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി ഓസോൺ ദിനത്തെ സംബന്ധിച്ച് ഒരു ഹ്രസ്വ വീഡിയോയും ഫിറോസ് ചെയ്തിരുന്നു. പതിനായിരക്കണക്കിന് കുട്ടികൾ ആ വീഡിയോ കാണുകയും, അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.