Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിൻറെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിൻറെ ആഭിമുഖ്യത്തിലാണ് ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ പലഭാഗത്തായി പോലീസുകാർക്ക് വേണ്ടി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
‘പൊലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചത്. വിരലിൽ എണ്ണാവുന്ന പൊലീസ് സ്റ്റേഷനുകൾക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമ്മിക്കു’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിൻറെ പ്രത്യേക മുഖമാകാൻ പൊലീസിന് കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും തങ്ങൾ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞു’വെന്നും മുഖ്യമന്ത്രി പറഞ്ഞു.