Listen live radio

ആക്ടീവായി ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും; തടസ്സം നേരിട്ടതിന് ഔദ്യോഗിക വിശദീകരണമില്ല

after post image
0

- Advertisement -

 

 

 

ദില്ലി: ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ് , ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവർത്തനം നിലച്ചത്. വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളിൽ കുറവ് വന്നിരുന്നു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയിൽ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിലച്ചത്. ഫേസ്ബുക്കിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം ഇടിവും നേരിട്ടു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയത്. കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ്സം നേരിടാൻ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധർ സംശയമുന്നയിച്ചു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചലമായതോടെ ഇന്റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇൻസ്റ്റയും പോയോ നെറ്റ് ഓഫർ തീർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെന്ന് ട്വീറ്റുകൾ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.

ലോകത്തെ വിവിധ കോണുകളിൽ നിന്ന് ആക്ഷേപമുയർന്നതോടെ ട്വിറ്ററിൽ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ഭാഗികമായി പ്രവർത്തനം ആരംഭിച്ചത്. വാട്സാപ്പിന് ചിലർക്ക് ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്.

 

Leave A Reply

Your email address will not be published.