Listen live radio
രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്.
അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൽ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊർജ്ജസ്വലവും ഉണർവ്വുള്ളതും ആയിരിക്കും.
ഊർജ്ജത്തിന് ഗ്ലൂക്കോസ്
ഗ്ലൂക്കോസ് ശരീരത്തിന്റെ ഊർജ്ജസ്രോതസ്സാണ്. ഗ്ലൂക്കോസ് ഏറ്റവും കൂടുതൽ ആവശ്യം തലച്ചോറിനാണ്. കഴിക്കുന്ന അന്നജത്തിൽ നിന്നാണ് ശരീരത്തിന് ഗ്ലൂക്കോസ് ലഭിക്കുന്നത്. ഉറങ്ങുമ്പോൾ, ശരീരം കരളിലും പേശികളിലും സൂക്ഷിച്ചുവച്ച ഗ്ലൈക്കോജൻ, ഗ്ലൂക്കോസ് ആക്കി വിഘടിപ്പിച്ച്, ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉല്പാദിപ്പിക്കുന്നു.
മതിയായ പ്രാതൽ കഴിക്കാത്ത ഒരാളുടെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോൾ, ശരീരത്തിൽ കൊഴുപ്പ് ഉപയോഗിക്കാൻ ശരീരം നിർബന്ധിതമാകുന്നു. എന്നാൽ, ഈ ഊർജ്ജം തലച്ചോറിന്റെ കോശങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കില്ല. ഇത് ആ വ്യക്തിയെ ക്ഷീണിതനും അലസനുമാക്കുന്നു. അതിനാൽ, പ്രാതൽ ചിട്ടയോടെ കഴിക്കേണ്ടത് അനിവാര്യമാണ്.
ഒഴിവാക്കരുത്
ആധുനിക ലോകത്ത് പലരും അവരുടെ ജോലിത്തിരക്ക് കാരണം പ്രാതൽ വേണ്ടെന്നു വയ്ക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പ്രാതൽ കഴിക്കാതിരിക്കുന്നത് തലച്ചോറിനെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. പ്രത്യേകിച്ചും വളർന്നുവരുന്ന കുട്ടികൾക്ക് പ്രാതൽ അത്യന്താപേക്ഷിതമാണ്.
പ്രാതൽ കഴിക്കാത്ത കുട്ടികൾ പഠനകാര്യങ്ങളിൽ പിന്നോക്കം പോകുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവരുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടമാകുന്നു എന്നാണ് ഇതിന്റെ പ്രധാന കാരണം. പ്രാതൽ കൃത്യമായി കഴിക്കുന്ന കുട്ടികൾ സ്വതവേ ഉണർവും ഉൻമേഷവും ഉള്ളവരായിരിക്കും. അതിനാൽ, കുട്ടികൾ പ്രാതൽ കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.