Listen live radio

പണിമുടക്ക് മുതലെടുത്ത് കൊള്ള: കോഴിക്കോട്-കൽപ്പറ്റ യാത്രക്ക് 200 രൂപ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു

after post image
0

- Advertisement -

 

 

കൽപ്പറ്റ: കെഎസ്ആർടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് ഭീമമായ തുക ഈടാക്കി അനധികൃതമായി സർവീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി ഒൻപതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൽപറ്റയിലേക്ക് സർവീസ് നടത്തിയ ‘ഇരഞ്ഞിക്കോത്ത്’ എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് കൽപ്പറ്റ ടൗണിൽ വെച്ച് പൊലീസ് പിടിച്ചെടുത്തത്. മോശമായി പെരുമാറിയെന്നും അമിതനിരക്ക് ഈടാക്കിയെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മോട്ടോർ വാഹന വകുപ്പിനും പരാതി നൽകുമെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു.

കോഴിക്കോട് നിന്നും കൽപറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് സ്വകാര്യ ബസ് അധികൃതർ ടിക്കറ്റ് നിരക്കായി ഈടാക്കിയതത്രേ. 100 രൂപയിൽ താഴെ നിരക്കുള്ളപ്പോഴാണ് ഭീമമായ സംഖ്യ ഈടാക്കിയത്. കണ്ടക്ടർ നൽകിയ ടിക്കറ്റിൽ കോഴിക്കോട് ജില്ലയിലെ തന്നെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. പരാതിക്കൊപ്പം ഇത്തരത്തിൽ ലഭിച്ച ടിക്കറ്റും പൊലീസിന് യാത്രക്കാർ കൈമാറിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോൾ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത ചാർജ് ചോദ്യം ചെയ്തവരോട് പ്രത്യേക സർവീസാണെന്നാണത്രേ ബസ് ജീവനക്കാർ പറഞ്ഞിരുന്നത്. പ്രതികരിച്ചവരെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും യാത്രക്കാർ പറഞ്ഞു.

അമിത ചാർജിനെ എതിർത്തവരെ ഇറക്കിവിട്ടില്ലെങ്കിൽ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാർ പ്രയോഗിച്ചതോടെ കുറേ യാത്രക്കാർ പ്രതികരിച്ചവർക്കെതിരെ തിരിഞ്ഞു. അമിത ചാർജ് നൽകാൻ പണം തികയാതെ വന്ന പലരും ബസിൽവെച്ച് തന്നെ ഇതര യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്. ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാർജിനെ ചോദ്യം ചെയ്ത യുവാക്കളിൽ ചിലർ പൊലീസ് സ്റ്റേഷനുകളിൽ വിവരം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. അതേ സമയം ബസിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞതാണെന്നാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്.

 

Leave A Reply

Your email address will not be published.