Listen live radio

യു.ജി.സി.നെറ്റ് ഇനി വയനാട്ടിലും; പരീക്ഷാ കേന്ദ്രം അനുവദിച്ചു

after post image
0

- Advertisement -

 

 

 

കൽപ്പറ്റ: മാനവിക വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റി ഗ്രാൻസ് കമ്മീഷൻ (യു.ജി.സി) അഖിലേന്ത്യ തലത്തിൽ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയ്ക്ക് വയനാട്ടിലും പരീക്ഷ സെന്റർ അനുവദിച്ചതായി ടി.സിദ്ദീഖ് എം.എൽ.എ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 20 മുതൽ ഡിസംബർ അഞ്ചുവരെ നടക്കുന്ന പരീക്ഷയ്ക്ക് മീനങ്ങാടി ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് ആയിരിക്കും പരീക്ഷാ കേന്ദ്രം. ദേശീയ തലത്തിൽ നടക്കുന്ന മത്സര പരീക്ഷകൾക്കും, പ്രവേശന പരീക്ഷകൾക്കും വയനാട്ടിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാതിരുന്നത്, ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. യു.ജി.സി, നെറ്റ് പരീക്ഷക്കായി വിദൂര സ്ഥലങ്ങളിലും, അന്യ സംസ്ഥാനങ്ങളിലും പോയി പരീക്ഷ എഴുതേണ്ടി വരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. നൂറോളം വ്യത്യസ്ത വിഷയങ്ങളിൽ നടത്തുന്ന പരീക്ഷയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ജില്ലയിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതുവാൻ സൗകര്യം ലഭിക്കും. ജില്ലക്ക് പുറമേ സമീപ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും മീനങ്ങാടിയിൽ സെന്റർ അനുവദിച്ചു കൊണ്ട് യു.ജി.സി പരീക്ഷ നടത്തിപ്പിന് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഹാൾ ടിക്കറ്റുകൾ അയച്ച് കഴിഞ്ഞു.

ഒരു ദിവസം രണ്ട് സെഷനുകളിലായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷയിൽ വിവിധ വിഷയങ്ങളിലായി 20 സെഷനുകൾ നടക്കും. വയനാട് എം.പി രാഹുൽ ഗാന്ധിയും കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ധിഖും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ജില്ലയിൽ പരീക്ഷാ കേന്ദ്രം യാഥാർത്ഥ്യമാക്കിയത്. പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ ഡൽഹിയിലെ യു.ജി.സി ആസ്ഥാനത്ത് യു. ജി.സി ചെയർമാനെ നേരിട്ട് കണ്ട് പലതവണ ചർച്ചകൾ നടത്തുകയും, നിവേദനം നൽകുകയും ചെയ്തിരുന്നു. കൂടാതെ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആസ്ഥാനത്തും നേരിട്ട് ചെന്ന് സെക്രട്ടറിയുമായി വിഷയം സംബന്ധിച്ച് തുടർ ചർച്ചകൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധി എം. പിയുടെ ഇടപെടലുകൾ കേന്ദ്ര മാനവശേഷി വികസന മന്ത്രിയുടെ ഓഫീസ് അട ക്കമുള്ള ഉദ്യോഗസ്ഥൻമാരുടെ പിന്തുണയും ഈ വിഷയത്തിൽ അനുകൂല സാഹചര്യം ഒരുക്കുവാൻ ഇടയായി. അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് ടി. സിദ്ധിഖ് നടത്തിയ പ്രധാനപ്പെട്ട വാഗ്ദാനമാണ് ജില്ലയിൽ പരീക്ഷാ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ എൻട്രൻസ്-നീറ്റ് പരീക്ഷ കേന്ദ്രം കൂടി വയനാട്ടിൽ സാധ്യമാക്കുന്നതിനുള്ള പരിശ്രമം ഊർജ്ജിതമാക്കുക യാണ് അടുത്ത ലക്ഷ്യം. രാഹുൽഗാന്ധി എം.പിയുടെ നിർദ്ദേശാനുസരണം അതിനായി ഇതിനോടകം തന്നെ ചർച്ചകൾ നടത്തുകയും തുടർ നടപടികൾ നിരന്തരമായി കൈകൊള്ളുവാനുള്ള ശ്രമത്തിലുമാണ്. വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കോളേജ്, ഹയർസെക്കണ്ടറി അധ്യാപക സംഘടനകൾ പ്രിൻസിപ്പൾമാർ, മറ്റ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരുമായി നിർന്തരമായി ആശയവിനിമയവും അഭിപ്രായ രൂപീകരണവും നടത്തി മുന്നോട്ട് പോകുവാനാണ് തീരുമാനം.

 

Leave A Reply

Your email address will not be published.