തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്തക്ക് മുന്നിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിക്കുന്ന മുഴുവൻ രേഖകളും നൽകാതെ ഒഴിഞ്ഞ് മാറി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ. മുഴുവൻ രേഖകളും ഇന്ന് സമർപ്പിക്കാനാണ് ലോകായുക്തയുടെ നിർദ്ദേശം ഉണ്ടായിരുന്നത്. എന്നാൽ രണ്ട് രേഖകൾ മാത്രമാണ് ഇന്ന് സമർപ്പിച്ചത്. അവ അപൂർണവുമായിരുന്നു.
ഇന്ന് ലോകായുക്തക്ക് മുന്നിൽ കേസിന്റെ വാദം തുടങ്ങി. മുഴുവൻ രേഖകളും സമർപ്പിച്ച് വാദം നാളെയും തുടരാമെന്നാണ് ലോകായുക്തയുടെ പുതിയ നിർദ്ദേശം. ഈ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹിദ കമാൽ നൽകിയ പരാതിയും ലോകായുക്ത തള്ളിയിരുന്നു.
വട്ടപ്പാറ സ്വദേശി അഖിലഖാൻ നൽകിയ പരാതിയിലാണ് ലോകായുക്ത ഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്.